പ്രപഞ്ചം തണുത്തുറയുകയാണത്രെ. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ 29-ാം ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച ഗവേഷണറിപ്പോര്‍ട്ടിലാണ് ശാസ്ത്രജ്ഞര്‍ ഈ പുതിയ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. നിരവധിഭഭൂതല-ബഹിരാകാശദൂരദര്‍ശിനികളുടെ സംഘാതമായ ഗാമ Galaxy And Mass Assembly-GAMA) പ്രോജക്ടിന്റെ നിരീക്ഷണഫലങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. രണ്ടു ലക്ഷത്തില്‍പ്പരം ഗ്യാലക്സികളെ 21 വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളുപയോഗിച്ച് നിരീക്ഷിച്ചതില്‍നിന്നുമാണ് ഈ ഗവേഷണറിപ്പോര്‍ട്ട് നിര്‍മിച്ചത്. ഈ നിരീക്ഷണങ്ങളില്‍നിന്നും ഗ്യാലക്സികളിലെ നക്ഷത്രരൂപീകരണനിരക്ക് കുറഞ്ഞുവരികയാണെന്നും അവയുടെ ശോഭകുറഞ്ഞ് മങ്ങിക്കൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
200 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിന്റെ പകുതി ഊര്‍ജംമാത്രമേ ഇന്ന് നക്ഷത്രസമൂഹങ്ങളില്‍ അവശേഷിക്കുന്നുള്ളൂ. അതിനാല്‍ ഊര്‍ജം ദ്രവ്യമായി മാറുന്നതിനുള്ള സാഹചര്യവും നേര്‍പകുതിയായിട്ടുണ്ട്. അതിനര്‍ഥം നക്ഷത്രരൂപീകരണനിരക്ക് 200 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ നേര്‍പകുതിയായിരുക്കുന്നുവെന്നാണ്. ഈ നില തുടര്‍ന്നാല്‍ പ്രപഞ്ചത്തിലുള്ള നക്ഷത്രസമൂഹങ്ങളെല്ലാം ക്രമേണ മങ്ങിപ്പോവുകയും നക്ഷത്രങ്ങളുടെ താപനില കുറഞ്ഞുവന്ന് ഒടുവില്‍ അവ കേവല പൂജ്യമെന്ന ഏറ്റവും താഴ്ന്ന താപനിലയില്‍ സബ് ആറ്റമിക കണികകളായി തണുത്തുറഞ്ഞുപോകാമെന്നാണ് ഗാമ ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍, ഇത് ആസന്നഭാവിയില്‍ സംഭവിക്കുന്ന കാര്യമൊന്നുമല്ല; ഏകദേശം 10,000 കോടി വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കും അത് സംഭവിക്കുയെന്നാണ് നിഗമനം.
ഗാമ എന്ന ആധുനിക നിരീക്ഷണപദ്ധതിയാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലോകത്തിലെ ഏറ്റവും നവീനവും സംവേദനക്ഷമതയുള്ളതുമായ ദൂരദര്‍ശിനികളെ സംയോജിപ്പിച്ച് വിദ്യുത്കാന്തികവികിരണങ്ങളുടെ വ്യത്യസ്ത തരംഗദൈര്‍ഘ്യം ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്തുന്നതിന് രൂപീകരിച്ച സംരംഭമാണ് ഗാമ. ലോകനിലവാരമുള്ള ദൂരദര്‍ശിനികളാണ് ഗാമയുടെ കണ്ണുകള്‍ക്കു പ്രകാശംപകരുന്നത്. ആംഗ്ലോ-ഓസ്ട്രേലിയന്‍ ടെലസ്കോപ്പ് (AAT), വെരി ലാര്‍ജ് സര്‍വേ ടെലസ്കോപ്പ് (VLT-ST), വിസിബിള്‍ ആന്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ ടെലസ്കോപ്പ് ഫോര്‍ അസ്ട്രോണമി (VISTA), ഓസ്ട്രേലിയന്‍ സ്ക്വയര്‍ കിലോമീറ്റര്‍ അഗേ പാത്ത്ഫൈന്‍ഡര്‍ (ASKAP), ഹെര്‍ഷല്‍ സ്പേസ് ഒബ്സര്‍വേറ്ററി (HSO), ഗ്യാലക്സി എവല്യൂഷന്‍ എക്സ്പ്ലോറര്‍ (GALEX) എന്നീ അത്യാധുനിക ദൂരദര്‍ശിനികള്‍ ക്രാന്തിവൃത്തത്തെയൊന്നാകെ സ്കാന്‍ചെയ്ത് നാലുലക്ഷത്തോളം നക്ഷത്രസമൂഹങ്ങളെ നിരീക്ഷിച്ചുവരികയാണ്.
നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥം ഉള്‍പ്പെടുന്ന ലോക്കല്‍ഗ്രൂപ്പും ഗാമയുടെ നിരീക്ഷണപരിധിയില്‍ വരും. ശ്യാമദ്രവ്യം (Dark Matter) എന്ന അദൃശ്യദ്രവ്യത്തെക്കുറിച്ചും ശ്യാമഊര്‍ജം എന്ന ഋണമര്‍ദത്തെക്കുറിച്ചുമുള്ള പഠനവും ഗാമയുടെ ലക്ഷ്യമാണ്. ഗാമയുടെ ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടാണ് പ്രപഞ്ചത്തിന്റെ ഭഭാവിയെക്കുറിച്ചുള്ള സിദ്ധാന്തം രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയത്.
അടഞ്ഞത് (positively curved), തുറന്നത് (negatively curved), പരന്നത് (flat) എന്നിങ്ങനെ മൂന്നുതരത്തിലുള്ള പ്രപഞ്ചമാതൃകകളാണ് കോസ്മോളജിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്. ഈ മൂന്നു മാതൃകകളിലും പ്രപഞ്ചത്തിന്റെ ഭാവി വ്യത്യസ്തമായിരിക്കും. ആധുനിക ഉപഗ്രഹ സര്‍വേകളും നിരീക്ഷണത്തെളിവുകളും അടഞ്ഞപ്രപഞ്ചമാതൃക അംഗീകരിക്കുന്നില്ല. തുറന്നതോ പരന്നതോ ആയ പ്രപഞ്ചചിത്രങ്ങളോടാണ് ജ്യോതിശാസ്ത്രജ്ഞര്‍ താല്‍പ്പര്യം കാണിക്കുന്നത്. ആധുനിക ജ്യോതിശാസ്ത്രജ്ഞരില്‍ പലരും പ്രപഞ്ചത്തിലെ ദ്രവ്യസാന്ദ്രത ക്രിട്ടിക്കല്‍ വാല്യവിലും കുറഞ്ഞ ഒരു വ്യവസ്ഥയാണ് കാണുന്നത്. തുറന്ന പ്രപഞ്ചമെന്നാണ് ഈ മാതൃക അറിയപ്പെടുന്നത്. രണ്ടു മാനങ്ങളുള്ള ഈ പ്രതലത്തിന്റെ ഒരുതലം മുകളിലേക്കു വളയുമ്പോള്‍ മറ്റൊന്ന് താഴേക്കു വളയുന്നു. മാത്രമല്ല, ഇത് എല്ലാ വശത്തേക്കും വികസിച്ചുകൊണ്ടേയിരിക്കും.
ഗ്യാലക്സികളിലെ നക്ഷത്രരൂപീകരണവും നക്ഷത്രങ്ങളുടെ അന്ത്യവും ഇപ്പോഴുള്ളതുപോലെതന്നെ നടക്കും. എന്നാല്‍, സ്പേസിന് മാറ്റമുണ്ടാകും. സ്പേസിന്റെ വികാസം തുടര്‍ന്നുകൊണ്ടേയിരിക്കുന്നതുകൊണ്ട് കൂടുതല്‍ സ്ഥലം സൃഷ്ടിക്കപ്പെടുകയും ഇപ്പോള്‍ ദൃശ്യമായ നക്ഷത്രസമൂഹങ്ങളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. ചുവപ്പുനീക്കം ശക്തമാവുന്നതോടെ വിദൂരഗ്യാലക്സികളില്‍നിന്നുള്ള പ്രകാശതരംഗങ്ങള്‍ തരംഗദൈര്‍ഘ്യംകൂടി ഇന്‍ഫോറെഡ് തരംഗങ്ങളും റേഡിയോതരംഗങ്ങളും ആകും. അപ്പോഴേക്കും നമ്മുടെ മാതൃകാ ഗ്യാലക്സിയായ ക്ഷീരപഥവും സമീപത്തുള്ള 30 നക്ഷത്രസമൂഹങ്ങളും മാത്രമേ ദൃഷ്ടിഗോചരമാകുകയുള്ളു. ഈ പ്രപഞ്ചത്തില്‍ മറ്റ് നക്ഷത്രസമൂഹങ്ങളുണ്ടെന്നതിനു തെളിവായി അവശേഷിക്കുന്നത് പ്രപഞ്ചത്തിന്റെ എല്ലാ ദിശകളിലുംനിന്നുവരുന്ന ദുര്‍ബലമായ റേഡിയോതരംഗങ്ങള്‍ മാത്രമായിരിക്കും. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളും കുറേക്കൂടി ദുര്‍ബലമാവുകയും തിരിച്ചറിയാന്‍ കഴിയാതാവുകയും ചെയ്യും. ഭാവിതലമുറയ്ക്ക് മഹാവിസ്ഫോടനത്തിന്റെ എല്ലാ തെളിവുകളും അതോടെ നഷ്ടമാകും.
ഗ്യാലക്സി ക്ലസ്റ്ററുകള്‍ ഗുരുത്വബലത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നവയാണ്. ഇത്തരം നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചവികാസത്തെ തടയാന്‍ ശ്രമിക്കും. ഗുരുത്വബലത്തിന്റെ ശക്തിയില്‍ അവ പരസ്പരം കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയില്‍ ചില നക്ഷത്രങ്ങള്‍ ഗ്യാലക്സികളുടെ ഗുരുത്വബന്ധനത്തില്‍നിന്ന് സ്വതന്ത്രമാക്കപ്പെടുകയും ബഹിരാകാശത്തില്‍ അലഞ്ഞുതിരിയുകയുംചെയ്യും. ചിതറിത്തെറിക്കാതെ അവശേഷിക്കുന്ന നക്ഷത്രങ്ങളെ ഗ്യാലകവികേന്ദ്രങ്ങളിലുള്ള ഭീമന്‍ തമോഗര്‍ത്തങ്ങള്‍ വിഴുങ്ങിക്കളയും. അത്ര വിദൂരമല്ലാത്ത ആകാശഗംഗ ആന്‍ഡ്രോമിഡ ഗ്യാലക്സി സംഘട്ടനത്തില്‍ നമ്മുടെ സൂര്യന്റെ ഭാവിയും ഇതുതന്നെയായിരിക്കും. എല്ലാ ഗ്യാലക്സികേന്ദ്രങ്ങളിലും ശക്തമായ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞര്‍ സംശയിക്കുന്നു.
സ്ഥലകാലങ്ങളുടെ ഈ ചുഴിയില്‍ നക്ഷത്രങ്ങള്‍ വലിച്ചുകീറപ്പെടും. നക്ഷത്രരൂപീകരണത്തിനാവശ്യമായ വാതകങ്ങളും പൊടിപടലങ്ങളുമെല്ലാം ഈചുഴിയില്‍പ്പെട്ട് അപ്രത്യക്ഷമാകും. സ്പേസ് നക്ഷത്രങ്ങളുടെ ശവപ്പറമ്പാകും. അവശേഷിക്കുക കുറെ കുള്ളന്‍ വെള്ളനക്ഷത്രങ്ങളും ഏതാനും ന്യൂട്രോണ്‍ താരങ്ങളും പിന്നെ, തമോദ്വാരങ്ങളും മാത്രം. ഈ മൃതനക്ഷത്രങ്ങള്‍ ചിലപ്പോഴെങ്കിലും പരസ്പരം കൂട്ടിമുട്ടിയേക്കാം; ഇടയ്ക്കിടെ ഒരു മിന്നല്‍പ്പിണര്‍മാത്രം. അതും ദൃശ്യപ്രകാശത്തിലല്ല, ഗാമാ വികിരണങ്ങളായി ക്ഷണനേരത്തേക്ക്. അപ്പോഴും അവശേഷിക്കുന്ന അസ്ഥിരമായ പ്രോട്ടോണുകള്‍ക്ക് അണുകേന്ദ്രം രൂപീകരിക്കുന്നതിന് ശേഷിയുണ്ടാകില്ല. അടിസ്ഥാനബലങ്ങളൊന്നാകെ ദുര്‍ബലമാകും. പ്രോട്ടോണുകള്‍ ക്വാര്‍ക്കുകളായി വിഘടിക്കപ്പെടും. ക്വാര്‍ക്കുകളെ ചേര്‍ത്തുനിര്‍ത്തുന്ന ശക്തമായ ന്യൂക്ലിയര്‍ബലം ദുര്‍ബലമാകും. തമോദ്വാരങ്ങള്‍ വിഴുങ്ങിയ ദ്രവ്യമെല്ലാം ബാഷ്പീകരിക്കപ്പെടും. നക്ഷത്രദ്രവ്യമെല്ലാം നേര്‍ത്തുനേര്‍ത്ത് കേവലപൂജ്യമെന്ന ഏറ്റവും താഴ്ന്ന താപനിലയില്‍ പ്രതിപ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട് സബ് ആറ്റമിക കണികകളുടെ ഒരു കടലായി സ്പേസിന്റെ തിരശ്ശീലയില്‍ അലിഞ്ഞുചേരും. ഇത്തരമൊരു മഹാശീതികരണമാണ് തുറന്ന പ്രപഞ്ചത്തെ കാത്തിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍, പ്രപഞ്ചത്തിന്റെ ഭഭൂതവും ഭഭാവിയുമെല്ലാം അത്രയെളുപ്പം നിര്‍ണയിക്കാന്‍ കഴിയില്ല. മഹാവിസ്ഫോടനമെന്ന പ്രപഞ്ചസിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കുണ്ടായ ആവേശവും കൗതുകവുമാണ് പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിന്റെ അവതരണത്തിലും ഉണ്ടായിരിക്കുന്നതെങ്കിലും മറിച്ചുള്ള വാദപ്രതിവാദങ്ങളും ശക്തമാണ്്. അവ ഇനിയും കൂടുതലായി വരാനിരിക്കുന്നതേയുള്ളൂ.
No comments:
Post a Comment